Wednesday, May 25, 2011

കള്ളന്‍

എന്തിനെന്നെ ഇന്നു നീ
കള്ളാ എന്നു വിളിക്കുന്നു?

പൂട്ടു കുത്തിപ്പൊളിച്ചൊന്നുമില്ലല്ലോ ഞാന്‍ .
അടുക്കള വാതില്‍
അടയ്ക്കാതിരുന്നത്
അറിയാതെയായിരുന്നോ...

എന്നിട്ടും...
എന്തിനെന്നെ ഇന്നു നീ
കള്ളാ എന്നു വിളിക്കുന്നു?

Friday, January 22, 2010

പ്രതികാരം (മിനിക്കഥ)

“ഇന്നെന്താ ചാറ്റിംഗ് ഒന്നുമില്ലേ”
കമ്പ്യൂട്ടര്‍ ഓഫ് ചെയ്ത് മോണിറ്ററിന്റെ കവര്‍ വലിച്ചിടുന്ന ഭര്‍ത്താവിനെ നോക്കി അവള്‍ ചോദിച്ചു.
“മഴ വരുന്നതു കണ്ടില്ലേ, ഇടിമിന്നല്‍ വന്നാല്‍ എല്ലാം അടിച്ചു പോകും...
നമുക്കിന്നു അല്പം നേരത്തേ ഉറങ്ങാം എന്താ” അയാള്‍ കമ്പ്യൂട്ടര്‍ ടേബിള്‍ വിട്ടെഴുന്നേറ്റു.
“നീ ഇതുവരെ തുണിയൊന്നും അടുക്കി വച്ചു കഴിഞ്ഞില്ലേ”. കട്ടിലിനു മുകളില്‍ വാരി വലിച്ചിട്ടിരുന്ന തുണിക്കൂമ്പാരം നോക്കിക്കൊണ്ട് അയാള്‍ കുളിമുറിയിലേക്കു നടന്നു.
“പോയോ, വന്നെന്നെ ഒന്നു സഹായിച്ചാല്‍ എന്താ... “
“ഞാന്‍ ഇതാ വരുന്നു” കുളിമുറിയില്‍ നിന്നും കേട്ട അയാളുടെ ശബ്ദം ഏതോ ഗുഹയില്‍ നിന്നും വരുന്നതുപോലെ തോന്നിയവള്‍ക്ക്.

അല്പം കഴിഞ്ഞു തോര്‍ത്തു കൊണ്ടു മുഖം തുടച്ചു കൊണ്ടയാള്‍ തിരിച്ചു മുറിയില്‍ എത്തുമ്പോഴും അവള്‍ തുണികള്‍ മടയ്ക്കി വച്ചു കൊണ്ടിരുക്കുകയായിരുന്നു. അയാളും അവള്‍ക്കൊപ്പം കൂടി.

“എന്താ നോക്കുന്നത്, കണ്ടിട്ടില്ലേ...”തുണി മടക്കുന്നതിനിടയില്‍ തന്നെത്തെന്നെ നോക്കി നില്‍ക്കുന്ന അയാളുടെ മുഖത്തെ ഭാവം എന്തെന്നു അവള്‍ക്കു മനസ്സിലായില്ല.
“ഞാന്‍ വെറുതേ..., നമ്മുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ എത്ര നാളായി”
അപ്രതീക്ഷിതമായ അയാളുടെ ചോദ്യം കേട്ട് അവള്‍ മണികിലുങ്ങും പോലെ പൊട്ടിച്ചിരിച്ചു.
“ഇതാ ഇപ്പോ നന്നായേ, നിങ്ങള്‍ക്കെന്താ ഈ നട്ടപ്പാതിരാക്ക് വട്ടു പിടിച്ചോ, കല്യാണം കഴിഞ്ഞിട്ടെത്രയായെന്നറിയില്ലേ” അവള്‍ ചിരിയടക്കാന്‍ ശ്രമിച്ചു.

“അതല്ല, നമ്മുടെ കല്യാണം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല”
“അങ്ങോട്ടു നോക്കിയേ” കട്ടിലിന്റെ ഒരരുകിലായി പുതപ്പുമൂടിക്കിടക്കുന്ന നാലുവയസുകാരനായ മകനെച്ചൂണ്ടിക്കാണിച്ച് അവള്‍ വീണ്ടും ചിരിച്ചു.” ഇപ്പോള്‍ വിശ്വാസമായോ?”

“ഉം..മതി തുണി മടക്കിയത്, ബാക്കി നാളെച്ചെയ്യാം.. എനിക്ക് ഉറക്കം വരുന്നു.”
അയാള്‍ ബാക്കി വന്ന തുണിയൊക്കെ ഡ്രെസ്സിംഗ് ടേബിളിന്റെ മുകളിലേക്ക് വാരിയിട്ടു.

“ഇന്നെന്താ പതിവില്ലാത്ത ഒരു ഉറക്കം... ഉം, കിടന്നോളൂ” കിടക്ക വിരി നേരെയാക്കി അവള്‍ അയാള്‍ക്കു വേണ്ടി ഒതുങ്ങിക്കൊടുത്തു.

മുകളില്‍ കറങ്ങുന്ന സീലിംഗ് ഫാനില്‍ നോക്കി അയാള്‍ കിടക്കുന്നതും നോക്കി അവള്‍ ഒരു നിമിഷം നിന്നു. പിന്നെ അയാള്‍ക്കരികിലായി ഇരുന്നു.
“ഇന്നെന്തു പറ്റി..” അയാളുടെ മുടിയിഴയിലൂടെ വിരലോടിച്ചുകൊണ്ട് അവളാരാഞ്ഞു.
“ഒന്നൂല്ല, ഞാന്‍ വെറുതേ ഓരോന്നോര്‍ത്തു... ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്നു നിനക്കറിയാമോ” അവളുടെ ഇടതു കൈ തന്റെ നെഞ്ചില്‍ ചേര്‍ത്തു വച്ച് അയാള്‍ ചോദിച്ചു.
“എത്രമാത്രം?” അവളുടെ ചുണ്ടില്‍ ഒരു കുസൃതിച്ചിരി വിരിഞ്ഞു.
“കുറേ... എനിക്കറിയില്ല പറയാന്‍ “ തന്റെ നെഞ്ചിലേക്കു ചായ്ഞ്ഞ അവളുടെ മുഖം തന്റെ നേരെ ഉയര്‍ത്തി അയാള്‍ ആ കണ്ണുകളിലേക്കു നോക്കി.

“ഞാന്‍ എത്ര മാത്രം സ്നേഹിക്കുന്നു എന്നറിയാമോ” അയാളുടെ നെഞ്ചിലെ തുടിപ്പില്‍ ചെവി ചേര്‍ത്തു വച്ചവള്‍ പതിയെ ചോദിച്ചു.

“എത്രമാത്രം?”

“എനിക്കുമറിയില്ല” വീണ്ടും മണികിലുക്കം പോലത്തെ ചിരി!
അവള്‍ ചിരിക്കുന്നതു കേള്‍ക്കാന്‍ അയാള്‍ക്കു വലിയ ഇഷ്ടമാണ്. അതു കൊണ്ടു തന്നെ എന്തെങ്കിലും പൊട്ടത്തരങ്ങള്‍ പറഞ്ഞ് അവളെ ചിരിപ്പിക്കുക എന്നത് അയാളുടെ ഇഷ്ടവിനോദമായിരുന്നു.

“അതൊക്കെപ്പോട്ടെ, എന്തിനാ എന്നെയിങ്ങനെ സ്നേഹിക്കുന്നത്..? ചിരി അടങ്ങിയപ്പോള്‍ അവള്‍ ചോദിച്ചു.

“അത് പറഞ്ഞാല്‍ നീ പിണങ്ങുമോ”
“ഇനിയിപ്പോള്‍ പിണങ്ങിയെട്ടെന്താക്കാനാ... പറഞ്ഞോളൂ”

“നിന്നെ സ്നേഹിക്കുക എന്നതു എന്റെ കടമയാണെന്നു ഞാന്‍ കരുതുന്നു. അതിലും പ്രധാനമായി നിന്നെ സ്നേഹിക്കുമ്പോള്‍ ഞാന്‍ പലരോടും പ്രതികാരം ചെയ്യുകയാണ്”

“പ്രതികാരമോ? ആരോട് ? അതും എന്നോടുള്ള സ്നേഹവും തമ്മില്‍ എന്തു ബന്ധം?” അവള്‍ക്ക് ആകാംഷയായി.

“അതു പറഞ്ഞാല്‍ ചിലപ്പൊള്‍ നീ പിണങ്ങും”അയാള്‍ അവളുടെ കവിളിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു.

“അപ്പോ എന്റെ അച്ഛനോടായിരിക്കും അല്ലേ, എന്നെ നിങ്ങള്‍ക്കു കെട്ടിച്ചു തന്നതിന്?” അവള്‍ വീണ്ടും പൊട്ടിച്ചിരിച്ചു

“അച്ഛനൊന്നുമല്ല, അച്ഛനോടാണെങ്കില്‍ നിന്നെ ഞാന്‍ സ്നേഹിക്കുമോ?“
പുറത്തു മഴ തുടങ്ങിയിരിക്കുന്നു... ജനലില്‍ മഴത്തുള്ളികള്‍ പതിക്കുന്നതിന്റെ താളാത്മകമായ ശബ്ദം.

“ആരാണെങ്കിലും പറ... എനിക്ക് ഉറക്കം വരുന്നു” അവള്‍ അയാളുടെ നെഞ്ചിലേക്ക് കൂടുതല്‍ പറ്റിച്ചേര്‍ന്നു കിടന്നു.

“അതു പിന്നെ.. ഞാന്‍ മുന്‍പ് നിന്നോടു പറഞ്ഞിട്ടില്ലേ... ഞാന്‍ സ്നേഹിച്ചെങ്കിലും എന്റെ സ്നേഹം തിരിച്ചറിയാത്ത, എന്റെ സ്നേഹത്തെ അവഗണിച്ച കുറേപേര്‍ ...അവരോടെല്ലാം ഞാന്‍ പ്രതികാരം ചെയ്യുകയായിരുന്നു.
അവളുടെ കവിളില്‍ വിരലോടിച്ചു കൊണ്ടയാള്‍ തുടര്‍ന്നു..
“നിനക്കു വേണ്ടി ഓരോ സമ്മാനങ്ങള്‍ വാങ്ങിത്തരുമ്പോഴും അഞ്ചാം ക്ലാസ്സില്‍ പഠിച്ചിരുന്ന കാലത്ത് ഞാനെന്റെ കൂട്ടുകാരിയാണെന്നു കരുതുകയും പക്ഷേ ഞാന്‍ വാങ്ങിക്കൊടുത്ത കുപ്പിവളകള്‍ നിഷേധിച്ചതിലുപരി ക്ലാസ്സ് ടിച്ചറിന്റെ കയ്യില്‍ നിന്നും അടിവാങ്ങിത്തരികയും ചെയ്ത നിഷയോടു ഞാന്‍ പ്രതികാരം ചെയ്യുകയായിരുന്നു.“

“കോളേജില്‍ പഠിച്ചിരുന്ന സമയത്ത് എപ്പോഴും എന്നോടൊപ്പം നടക്കുകയും ഒരിക്കല്‍ ക്യാന്റീനില്‍ വച്ച് അറിയാതെ അവളുടെ കൈയില്‍ ഒന്നു തൊട്ടപ്പോള്‍ ‘ദേഹത്തു തൊട്ടുള്ള കളിയൊന്നും വേണ്ടെന്നു’ പറഞ്ഞ് എന്നെ മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്തിയ ബിന്ദുവിനോടുള്ള എന്റെ പ്രതികാരമായിരുന്നു ഞാന്‍ നിനക്കു സമ്മാനിച്ച ഓരോ ചുംബനമുദ്രകളും.“

“ഉം.. കൊള്ളാം പ്രതികാരം, ഇനിയുമുണ്ടോ? അവള്‍ അയാളുടെ കവിളില്‍ മൃദുവായി നുള്ളി.

“ജീവിതത്തെക്കുറിച്ച് ഗൌരവമായി ചിന്തിച്ചു തുടങ്ങിയ കാലത്ത് എന്റെ മനസ്സില്‍ ചേക്കേറി മോഹത്തിന്റെ മുട്ടയിട്ട് ഒടുവില്‍ വീട്ടുകാരുടെ പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ എന്റെ സ്നേഹത്തെ തിരസ്കരിച്ച സിന്ധുവിനോടായിരുന്നു എന്റെ ഏറ്റവും വലിയ പ്രതികാരം”

“അതെന്താ അത്രയും വലിയ പ്രതികാരം...”

“അതോ...നമ്മുടെ മോന്‍ .. ഒരു പക്ഷേ അവള്‍ക്കു ജനിക്കേണ്ടിയിരുന്ന കുട്ടിയായിരുന്നിരിക്കില്ലേ അവന്‍ “ ചുരുണ്ടു കിടന്നുറങ്ങുന്ന അവന്റെ കാലിലേക്ക് അയാള്‍ പുതപ്പു വലിച്ചിട്ടു.

“ഉം.. “ അവള്‍ വെറുതെ മൂളി.

“നിനക്കിപ്പോള്‍ എന്നോടു ദേഷ്യം തോന്നുന്നില്ലേ” അവളുടെ പാതിയടഞ്ഞ കണ്ണുകളിലേക്കു നോക്കി അയാള്‍ ചോദിച്ചു.

“ഇല്ല... ആരോടു പ്രതികാരം ചെയ്താലും വേണ്ടില്ല. എന്നെയും മോനെയും എന്നും ഇങ്ങനെ സ്നേഹിച്ചാല്‍ മതിയെനിക്ക്” അവള്‍ അയാളിലേക്ക് കൂടുതല്‍ ചേര്‍ന്നു കിടന്നു.

പുറത്തു മഴ ശക്തമായിരിക്കുന്നു. ഒരു മിന്നല്‍ മുറിക്കുള്ളില്‍ ഫ്ലാഷു മിന്നിച്ചു കടന്നു പോയി.

ഉറക്കം ഘനീഭവിച്ചു തുടങ്ങിയ അവളുടെ കണ്ണുകളിലേക്കു നോക്കി അയാള്‍ പതിയെപ്പറഞ്ഞു..
“പിന്നെ...എനിക്കു സിന്ധുവിനോടു വീണ്ടും പ്രതികാരം ചെയ്യാന്‍ തോന്നുന്നു....”

Sunday, June 7, 2009

ഇവിടത്തെപ്പോലെ അവിടെയും...

ഇവിടെ തങ്കമ്മ
ഒക്കത്ത് വിവസ്ത്രനായ കുട്ടന്‍
മറുകൈയില്‍ വക്കു ഞണുങ്ങിയ കുടം
മുന്നില്‍ ആറുപേര്‍
പിന്നില്‍ കുറേപേര്‍
ആറുപേര്‍ക്കും മുന്നില്‍ വെള്ളം ഇറ്റിറ്റു നല്‍കുന്ന
മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വക ടാപ്പ്

അവിടെ തങ്കപ്പന്‍
കക്ഷത്ത് പേപ്പറില്‍ പൊതിഞ്ഞ ജോലിത്തുണി
വലതു കൈയില്‍ സിമന്റു പുരണ്ട നോട്ട്
കാലില്‍ ഉണങ്ങിപ്പിടിച്ച മണലിന്റെയും
സിമന്റിന്റെയും മിശ്രിതം
മുന്നില്‍ മൂന്നു പേര്‍
പിന്നില്‍ കുറേ പേര്‍
മൂന്നു പേര്‍ക്കും മുന്നില്‍ നിറമുള്ള കള്ളു നല്‍കുന്ന
ബിവറേജസ് കോര്‍പ്പറേഷന്‍ വക ഷാപ്പ്

ഇവിടെ കുടിവെള്ള പ്രശ്നം
അവിടെയും 'കുടി' വെള്ള പ്രശ്നം

സൂര്യ ഗര്‍വ്വം

ഞാന്‍ സൂര്യന്‍
നീ ഭൂമി

നീ മാതാവെങ്കില്‍
ഞാന്‍ ദാതാവ്

എന്നെ ചുറ്റിത്തിരിയുക എന്നത്
നിന്റെ യോഗം

നിന്നില്‍ ജീവനായ് പെയ്തിറങ്ങിയത്
എന്റെ ഊര്‍ജ്ജം

നിന്നില്‍ മഴയും മരുവുമുരുവാക്കുന്നത്
എന്റെ താപം

നിന്നില്‍ രാവും പകലും തീര്‍ക്കുന്നത്
എന്‍ വെളിച്ചം

നിന്നിലെ ഋതു-ഭാവ ഭേദങ്ങള്‍
എന്റെ ജാലം

എന്റെ സഹസ്രകര ലാളനകളില്ലെങ്കില്‍
നീ വെറും പാഴ്നിലം

......................................................................................

ഇനിയും നിഷേധമാണു ഭാവമെങ്കില്‍ ‍...
ഓര്‍ക്കുക..

പിന്നെയുമുണ്ട് എട്ടുപേര്‍ - എന്നെ ചുറ്റുന്നവര്‍ !

Wednesday, November 12, 2008

അതു നീ തന്നെയാകുന്നു...

പഞ്ചഭൂതങ്ങള്‍ ചേര്‍ന്നതാണത്രെ മനുഷ്യ ജന്മം!
പഞ്ചഭൂതങ്ങളെന്നാല്‍ - ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവ.

ഭൂമി ദേവതയാണ്‌.
സര്‍വ്വം സഹയായ ഭൂമി,
എല്ലാം ഏറ്റുവാങ്ങുന്ന ഭൂമി.
സര്‍വ്വജീവജാലങ്ങളുടെയും ഉറവിടമായ ഭൂമി
ഭൂമിയില്ലെങ്കില്‍‍ ജീവനില്ല

ദൈവവും അതുപോലെ തന്നെ...
ഭൂമി ദേവതയാണ്‌...

ജലം ദൈവമാണ്‌.
ജലത്തിന്‌ ആകൃതിയില്ല....
അതു കുപ്പിയില്‍ നിറച്ചാല്‍ കുപ്പിപോലിരിക്കും
കുടത്തില്‍ നിറച്ചാല്‍ കുടം പോലിരിക്കും

ജലത്തിനു നിറമില്ല....
അതില്‍ ചുവപ്പു കലര്‍ത്തിയാല്‍ ചുവപ്പാകും
പച്ച കലര്‍ത്തിയാല്‍ പച്ചയാകും
വെള്ള കലര്‍ത്തിയാല്‍ വെള്ളയാകും

ജലത്തിനു ഗുണമില്ല....
അതില്‍ ഔഷധം ഒഴിച്ചാല്‍ ഔഷധമാകും
വിഷം ഒഴിച്ചാല്‍ വിഷമാകും
മധുരം കലര്‍ത്തിയാല്‍ മധുരിക്കും
കയ്പു കലര്‍ത്തിയാല്‍ കയ്ക്കും.
ജലമില്ലെങ്കില്‍ ജീവനില്ല

ദൈവവും അതുപോലെ തന്നെ...
ജലം ദൈവമാണ്‌..

വായു ദൈവമാണ്‌.
വായു എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നു
വായുവിനെ കാണാന്‍ കഴിയില്ല
എങ്കിലും നാം അത് അനുഭവിച്ചറിയുന്നു
വായുവില്ലെങ്കില്‍ ജീവനില്ല

ദൈവവും അതുപോലെ തന്നെ...
വായു ദൈവമാണ്‌.

അഗ്നി ദൈവമാണ്‌
അഗ്നിയെന്നത് സൂര്യനാണ്‌
എല്ലാ ജീവജാലങ്ങള്‍ക്കും ആധാരം
ഊര്‍ജ്ജത്തിന്റെ സ്രോതസ്സ്
രാത്രിയും പകലും സൃഷ്ടിക്കുന്നവന്‍
അഗ്നിയില്ലെങ്കില്‍ ജീവനില്ല..

ദൈവവും അതുപോലെ തന്നെ...
അഗ്നി ദൈവമാണ്‌

ആകാശം ദൈവമാണ്‌.
ഉണ്ടെന്നും ഇല്ലെന്നും തോന്നിക്കുന്ന പ്രതിഭാസം
അടുക്കും തോറും അകന്നു പോകുന്ന പ്രഹേളിക
ആദിയും അന്തവുമില്ലാത്ത അനന്ത വിഹായസ്സ്
ആകാശം ഭൂമിക്കുമുകളിലാണോ
ഭൂമി ആകാശത്തിനു മുകളിലാണോ...

ദൈവവും അതുപോലെ തന്നെ...
നമുക്കുള്ളിലാണോ, അതോ പുറത്താണോ എന്നറിയാത്ത സത്യം.

ഭൂമിയും, ജലവും, വായുവും, അഗ്നിയും, ആകാശവും ചേര്‍ന്നതാണു മനുഷ്യന്‍ ...

ഭൂമി അവനു ശരീരമായി
ജലം അവന്റെ ജീവരക്തമായി
വായു അവനു പ്രാണവായുവായി
അഗ്നി അവന്റെ ജീവനായി
ആകാശം അവന്റെ മനസ്സായി

അവന്‍ ദൈവത്തിന്റ പ്രതിരൂപമായി...

ഈ ദേവാംശമെല്ലാം നമ്മിലുള്ളപ്പോള്‍
ഏതു ദൈവത്തെ തിരഞ്ഞാണു നാം പരക്കം പായുന്നത്?
ഏതു ദൈവത്തിനു വേണ്ടിയാണു നാം പരസ്പരം കൊന്നൊടുക്കുന്നത്?

ദൈവമെന്നതു നമുക്കുള്ളില്‍ തന്നെയുണ്ട്.
നമ്മുടെ നല്ല ചിന്തകളില്‍
നല്ല വാക്കുകളില്‍
നല്ല പ്രവര്‍ത്തികളില്‍

മനസ്സുകൊണ്ടും, വാക്കുകൊണ്ടും, പ്രവര്‍ത്തികൊണ്ടും (മനസ്സാ, വാചാ, കര്‍മ്മണാ)
നല്ലതു ചെയ്യുവിന്‍ ... ദൈവം നമ്മില്‍ തന്നെയുണ്ട്.

ദൈവം എന്നതു മറ്റൊന്നല്ല
അതു നീ തന്നെയാകുന്നു...
തത് ത്വം അസി .. തത്വമസി...

പ്രയാണം അവസാനിക്കുന്നില്ല...

എല്ലാം ശാന്തമായിരിക്കുന്നു....
ഭൂമി നെടുവീര്‍പ്പിട്ടു.
എന്തായിരുന്നു കഴിഞ്ഞ ദിനരാത്രങ്ങളിലെ പേമാരി!
ധാരമുറിയാതെ പെയ്ത മഴയില്‍
ഉള്ളിലെ താപം അടങ്ങിയിരിക്കുന്നു
ഊഷരമായിരുന്ന മേനിയാകെ ഊര്‍വ്വരമായിരിക്കുന്നു
തമസ്സിനു വിരാമമിട്ടുകൊണ്ട് വാനില്‍ സൂര്യന്‍ ഉദിച്ചു
അവന്‍ ഭൂമിയെനോക്കി പുഞ്ചിരിതൂകി
ഇപ്പോള്‍ ആ കണ്ണൂകളില്‍ തീയല്ല..
മുന്‍പെങ്ങും കാണാത്ത ഭാവം.
അവന്റെ സഹസ്രകരങ്ങള്‍
തന്റെ മേനിയാകെ തഴുകുമ്പോള്‍
ഇതുവരെയില്ലാത്ത എന്തോ ഒരനുഭൂതി..
സൂര്യന്റെ കണ്ണുകളിലെ തേജസ്സ് താങ്ങാനാകാതെ
അവള്‍ കണ്ണുകളടച്ചു...

പ്രപഞ്ചത്തിലെ ആദ്യത്തെ പ്രണയം
ആദ്യ സ്ത്രീ-പുരുഷ സംഗമം.
സൂര്യന്റെ സ്നേഹം ഊര്‍ജ്ജരേണുക്കളായി...
ഭൂമി ആ ഉര്‍ജ്ജരേണുക്കളെ
തന്റെ സാഗര ഗര്‍ഭാശയത്തിലേക്ക് ഏറ്റുവാങ്ങി.

സാഗരത്തിന്റെ അഗാധതയില്‍
ആദ്യമായി ജീവന്റെ നാമ്പുകള്‍ വിരിഞ്ഞു
പരമാണുവായി...
അതു വിഘടിച്ചു രണ്ടായി..
പിന്നെ ഗുണിതങ്ങളായി പെരുകി
വീണ്ടും, വീണ്ടും....

ജീവണുക്കളില്‍ ചിലര്‍ കടലാകെ ഒഴുകി നടന്നു
ചിലര്‍ ഒരിടത്തു തന്നെ ചടഞ്ഞുകൂടിയിരുന്നു
ചിലര്‍ ദൂരേക്കു ദൂരേക്കു നിന്തി...

കാലം കടന്നു പോയി..
ഒഴുകി നടന്നവര്‍ക്കു ചിറകുകളും ചെകിളകളും മുളച്ചു
അവര്‍ മത്സ്യങ്ങളായി.
ചടഞ്ഞിരുന്നവര്‍ക്കു വേരുകളും ഇലകളും മുളച്ചു
അവര്‍ ജലസസ്യങ്ങളായി
ദൂരങ്ങളിലേക്കു നീന്തിയവര്‍ കരയിലെത്തി
അതില്‍ ചിലര്‍ കരയിലിഴഞ്ഞു നടന്നു
അവര്‍ ഇഴജന്തുക്കളായി
ചിലര്‍ കരയിലെത്തിയിട്ടും അവിടവിടെ മടിപിടിച്ചിരുന്നു
അവര്‍ മരങ്ങളും ചെടികളുമായി.

കാലം കടന്നു പോയി...
ഇഴഞ്ഞു മടുത്ത ചിലര്‍ പറക്കാന്‍ ശ്രമിച്ചു
അവര്‍ക്കു ചിറകു മുളച്ചു
അവര്‍ പറവകളായി

ഇഴഞ്ഞു മടുത്ത ചിലര്‍ നടക്കാന്‍ ശ്രമിച്ചു
അവര്‍ക്കു കാലുകള്‍ മുളച്ചു
അവര്‍ ജന്തുക്കളായി

കാലം കടന്നു പോയി...
നാലുകാലില്‍ നടന്നു മടുത്ത ചിലര്‍
രണ്ടുകാലില്‍ നടക്കാന്‍ ശ്രമിച്ചു
അവര്‍ മനുഷ്യരായി.

കാലം കടന്നു പോയി...
രണ്ടുകാലില്‍ നടന്നു മടുത്തപ്പോള്‍
അവന്‍ മൃഗങ്ങളെ വാഹനങ്ങളാക്കി

മൃഗങ്ങള്‍ക്കു വേഗത പോരെന്നു തോന്നിയപ്പോള്‍
അവന്‍ ചക്രങ്ങള്‍ കണ്ടുപിടിച്ചു
ചക്രങ്ങള്‍ കൊണ്ടു വാഹനങ്ങള്‍ നിര്‍മ്മിച്ചു
അതിലേറി കരയാകെ സഞ്ചരിച്ചു

ഭൂമിയില്‍ സഞ്ചരിച്ചു മടുത്തപ്പോള്‍
അവന്‍ നൗകകളുണ്ടാക്കി ജലയാത്ര നടത്തി

വെള്ളത്തിലോടി മടുത്തപ്പോള്‍
അവന്‍ വിമാനങ്ങള്‍ കണ്ടുപിടിച്ചു വാനിലൂടെ പറന്നു

ആകാശം കീഴടക്കിയപ്പോള്‍
ശൂന്യാകാശത്തേക്കു പോകണമെന്നായി

ശൂന്യാകാശം കഴിഞ്ഞപ്പോള്‍
ചന്ദ്രനില്‍ ഇറങ്ങണമെന്നായി

ചന്ദ്രനിലിറങ്ങിക്കഴിഞ്ഞപ്പോള്‍
ചൊവ്വയെ തൊടണമെന്നായി

ചൊവ്വയും തൊട്ടുകഴിഞ്ഞാല്‍ പിന്നെ
ബുധന്‍ , വ്യാഴം, ശുക്രന്‍ , ശനി.....
പ്രയാണം അവസാനിക്കുന്നില്ല...

കാലം കടന്നുപോകും...
സഞ്ചാരം മാത്രം അവസാനിക്കുന്നില്ല
ഒരിക്കലും അവസാനിക്കാത്ത അന്വേഷണം
ഒരിക്കലും അവസാനിക്കാത്ത പ്രയാണം
അതു തുടര്‍ന്നുകൊണ്ടേയിരിക്കും...

താഴെനിന്നും ഭൂമി നെടുവീര്‍പ്പിട്ടു.
നീയെന്നില്‍ നിന്നും വളരെയകന്നു പോയല്ലോ!